ആര്‍ജി കര്‍ ബലാല്‍സംഗക്കൊല; കൂട്ടബലാല്‍സംഗത്തിന്റെ സൂചനകളുണ്ടോ എന്ന് വ്യക്തമാക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ബലാല്‍സംഗക്കൊലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചോദ്യം. കേസ് ഡയറി കോടതിയില്‍ ഹാജരാക്കാനും മാര്‍ച്ച് 28 ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കലില്‍ അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള അപ്ഡേറ്റ് നല്‍കാനും ജസ്റ്റിസ് തീര്‍ത്ഥങ്കര്‍ ഘോഷ് സിബിഐയോട് നിര്‍ദേശിച്ചു.
സിബിഐ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഇരയുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് പ്രധാന സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ അവര്‍, കോടതി മേല്‍നോട്ടത്തില്‍ സിബിഐ പുനരന്വേഷണം നടത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാദം കേള്‍ക്കുന്നതിനിടെ, സിബിഐയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ജസ്റ്റിസ് ഘോഷ,് കൂട്ടബലാല്‍സംഗത്തിന്റെ സൂചനകളുണ്ടോ എന്നും അന്വേഷണം ആരംഭിച്ചപ്പോള്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ നിലവില്‍ സംസ്ഥാനത്തിന് പുറത്താണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അതേസമയം, എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് ഉറപ്പുനല്‍കിയ സിബിഐ, കുറച്ചുകൂടി സമയം ആവശ്യപ്പെട്ടു.
അതേസമയം, കേസ് നടപടികളില്‍ തന്റെ കക്ഷിയെ ഉള്‍പ്പെടുത്തണമെന്ന കുറ്റവാളി സഞ്ജയ് റോയിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന കോടതി നിരസിച്ചു. നിലവില്‍ കേസിലെ ഏക കുറ്റവാളിയാണ് സഞ്ജയ് റോയ്.