ട്രിപിള്‍ ലോക്ക് ഡൗണ്‍: മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

ഊടുവഴികളെല്ലാം അടച്ചതിനെ തുടര്‍ന്ന് സംസ്ഥാന പാതയായ അരീക്കോട് -മുക്കം റോഡിലെ എരഞ്ഞിമാവ് മാത്രമാണ് തുറന്ന് കൊടുത്തത്.

Update: 2021-05-18 14:58 GMT

അരീക്കോട്: ട്രിപിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അതിര്‍ത്തികള്‍ പൂര്‍ണമായും പോലിസും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളും സംയുക്തമായി അടച്ചു. ഊടുവഴികളെല്ലാം അടച്ചതിനെ തുടര്‍ന്ന് സംസ്ഥാന പാതയായ അരീക്കോട് -മുക്കം റോഡിലെ എരഞ്ഞിമാവ് മാത്രമാണ് തുറന്ന് കൊടുത്തത്. ഇവിടെ കര്‍ശന പരിശോധനയും നടത്തുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലിസിന്റെ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.

ഊടുവഴികളിലൂടെ ചെറുകിട വാഹനങ്ങള്‍ കടന്ന് പോകുമെന്ന് കണ്ടാണ് കിഴുപറമ്പ് പഞ്ചായത്തിലെ പഴം പറമ്പ്, കവിലട, ഊര്‍ങ്ങാട്ടീരിയിലെ കുഴിനക്കി പാലം എന്നിവ കൊട്ടി അടച്ചത്. ഇവിടങ്ങളില്‍ പോലിസ് നിരീക്ഷണവും ശക്തിയായി തുടരുന്നുണ്ട്.

പലരും പോലിസിന്റെ കണ്ണ് വെട്ടിച്ച് പോകുന്നതിനാല്‍ പിടിക്കപ്പെടുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് തുടര്‍ യാത്രക്ക് അനുമതി നല്‍കുന്നത്.

Tags:    

Similar News