സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, മൂന്ന് ജില്ലകളിലേത് ഒഴിവാക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ മെയ് 23 വരെയായിരുന്നു ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരുന്നത്. കൊവിഡ് വ്യാപനം തുടരുക തന്നെയാണ്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.
അതേസമയം, അതിതീവ്രവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് മൂന്ന് ജില്ലകളെ ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ മാത്രം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കൊവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു.
മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. മലപ്പുറത്ത് പോലിസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും. മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.