കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയിലും യുപിയിലും ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി

സംസ്ഥാനങ്ങള്‍ അടച്ചിട്ടശേഷം കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ ഇക്കാലയളവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Update: 2021-05-09 07:14 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. ഈ മാസം 17 വരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചത്. സംസ്ഥാനങ്ങള്‍ അടച്ചിട്ടശേഷം കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണും ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മാതൃകയിലുള്ള കര്‍ഫ്യൂവുമാണ് നിലവിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ ഇക്കാലയളവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

മെയ് 17 ന് പുലര്‍ച്ചെ 5 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവും. പോസിറ്റീവ് നിരക്ക് കുറഞ്ഞു, പക്ഷേ, ഞങ്ങള്‍ക്ക് ശാന്തരാവാന്‍ കഴിയില്ല. ലോക്ക് ഡൗണ്‍ ഞങ്ങള്‍ക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്- കെജ്‌രിവാള്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറഞ്ഞു. പക്ഷേ ഇത് വളരെ ഉയര്‍ന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലോക്ക് ഡൗണ്‍ സമയം ഞങ്ങളുടെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വിനിയോഗിച്ചു.

ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നു. കേന്ദ്രത്തിന്റെ സഹായത്തോടെ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍, കിടക്കകള്‍, മരുന്ന് എന്നിവയുടെ കാര്യത്തില്‍ വലിയ പ്രതിസന്ധികളാണ് ഡല്‍ഹിയില്‍ ഉടലെടുത്തത്. ഉത്തര്‍പ്രദേശിലും കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്നതിനാലാണ് ലോക്ക് ഡൗണ്‍ മെയ് 17 ന് രാവിലെ 7 മണി വരെ നീട്ടാന്‍ തീരുമാനിച്ചത്.

വൈറസ് ബാധിച്ച് 298 പേര്‍ മരിക്കുകയും 26,847 പുതിയ കേസുകള്‍ പുറത്തുവരുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മൊത്തം വൈറസ് കേസുകളുടെ എണ്ണം 14,80,315 ആയി. വൈറസ് മൂലം ഉത്തര്‍പ്രദേശില്‍ ആകെ 15,170 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Tags:    

Similar News