താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ യു ഡി എഫ് ബഹിഷ്‌കരിക്കും
ആരോപണ വിധേയന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ദുരന്തത്തിന് ഇരയായ കുടുബങ്ങള്‍ക്ക് നീതി നല്‍കാനാവുക
താനൂര്‍ : 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂര്‍ ഒട്ടുമ്പുറത്തെ ബോട്ട് ദുരന്തത്തില്‍ ആരോപണ വിധേയനായ മന്ത്രി വി. അബ്ദുറഹിമാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ താനൂര്‍ നിയോജകമണ്ഡലം യു. ഡി. എഫ് കമ്മിറ്റി തീരുമാനിച്ചതായി യു. ഡി. എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ രത്‌നാകാരനും, കണ്‍വീനര്‍ എം. പി. അഷറഫും പ്രസ്താവനയില്‍ അറിയിച്ചു. ദുരന്തത്തില്‍ ആരോപണ വിധേയനായ മന്ത്രി സ്ഥലം എം.എല്‍.എ കൂടിയാണ്. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തി കൊണ്ട് നടത്തുന്ന ഒരു അന്വേഷണത്തിനും നീതി പൂര്‍വ്വകമായി ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റി നിറുത്തണം. ആരോപണ വിധേയന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ദുരന്തത്തിന് ഇരയായ കുടുബങ്ങള്‍ക്ക് നീതി നല്‍കാനാവുക എന്ന് യു. ഡി. എഫ് നേതാക്കള്‍ ചോദിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളും മന്ത്രി വി. അബ്ദുറഹിമാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.