താനൂര്‍: താനൂരില്‍ ദുരന്തത്തിനിടയായ ബോട്ടില്‍ കുസാറ്റില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. പ്രത്യേകാന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് കുസാറ്റില്‍ നിന്നുള്ള നേവല്‍ ആര്‍ക്കിടെക്റ്റ് പ്രഫ. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ബോട്ടിന്റെ കാലപ്പഴക്കം, വരുത്തിയ രൂപമാറ്റം എന്നിവ വിശദമായി പരിശോധിച്ച സംഘം റിപോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും. അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകട കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. അസി. പ്രഫസര്‍മാരായ കെ അരവിന്ദ്, മുഹമ്മദ് ആഷിഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതിനിടെ, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ താനൂരില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഡിവൈഎസ്പി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബോട്ട് ദുരന്തത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ പൊതുജനങ്ങളെയും പോലിസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങി എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ബോട്ടപകടം സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ തികച്ചും സമാധാനപരവും വ്യക്തിഹത്യ നടത്താത്തതുമായിരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴി അപകടത്തെ സംബന്ധിച്ച് പ്രതിഷേധാര്‍ഹമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും യോഗം തീരുമാനിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവര്‍ക്കും ചികില്‍സാ ചെലവ് ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി.