വണ്ടൂര്‍: മുന്‍കാമികളുടെ ജീവിതവിശുദ്ധി പകര്‍ന്നുകിട്ടിയ അപൂര്‍വം പണ്ഡിതരിലൊരാളാണ് ശൈഖുനാ ഉണ്ണി മുഹമ്മദ് മൗലവിയെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ജാമിഅ: വഹബിയ്യ: സ്വദര്‍ മുദരിസുമായിരുന്ന ശൈഖുനാ കെ ഉണ്ണി മുഹമ്മദ് മൗലവിയുടെ 10ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീണ്ട നാല്‍പതോളം വര്‍ഷം ഒരേസ്ഥാനത്തിരുന്ന് മതാധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കുകയും സമൂഹത്തിന്റെ നാനാവിധ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്ത് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തവരായിരുന്നു ഉണ്ണി മുഹമ്മദ് മൗലവി. ലളിതജീവിതം മുഖമുദ്രയാക്കിയ മഹാനരില്‍ പിന്‍തലമുറയിലെ പണ്ഡിതന്‍മാര്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
ജംഇയ്യത്ത് കേന്ദ്ര മുശാവറ അംഗം ഇ എം അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എ എന്‍ സിറാജുദ്ദീന്‍ മൗലവി, പി അലി അക്ബര്‍ മൗലവി, ഒഡിയപ്പാറ അശ്‌റഫ് ബാഖവി, മുഹമ്മദലി മുസ്‌ല്യാര്‍ കൂരാട്, ഇ പി അശ്‌റഫ് ബാഖവി എന്നിവര്‍ സംസാരിച്ചു.