ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ തുറന്നു; പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Update: 2021-11-23 17:59 GMT

പാലക്കാട്: ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 11 ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 4,000 ഘനയടി ജലമാണ് തുറന്നുവിടുന്നതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നേരത്തെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതമാണ് തുറന്ന് 1,043 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്.

കൂടുതല്‍ ജലം തുറന്നുവിടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ആളിയാര്‍ ഡാമിലെ പരമാവധി ജലനിരപ്പ് 1,050 അടിയാണ്.

കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പുഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇതെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. അതിനിടെ, കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട് ബോഡി നായ്ക്കന്നൂര്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇന്നലെയും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Tags:    

Similar News