ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദ്ദനം
പാലക്കാട്: അയ്യപ്പപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദ്ദനം. ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളാണ് മര്‍ദ്ദനത്തിനിരയായത്. ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവച്ചു. വിജയകുമാര്‍ പലതവണയായി കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സ്‌കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസ് പ്രായമായ കുട്ടികള്‍വരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനാലാണ് ജില്ലാ കലക്ടറെ സമീപിച്ചത്.
ആയയുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത ദിവസം അന്വേഷണ റിപോര്‍ട്ട് കൈമാറും. സിപിഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വിജയകുമാറിനെതിരേ പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനം ടൗണില്‍ നിന്നും മാറി വീടുകളുടെ ഇടയിലാണ്. എന്ത് സംഭവിച്ചാലും പുറം ലോകം അറിയാന്‍ സാധ്യതയില്ല. വാടക കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം മാറ്റിസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.