പട്ടാമ്പിയിലെ കരിങ്കല്‍ ക്വാറി പരിസരവാസികള്‍ക്ക് ഭീഷണിയാവുന്നു; കല്ല് തെറിച്ച് വീടിനുള്ളിലേക്കു വീണു
ഇന്നലെ ക്വാറിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ കാരമ്പറ്റ വാപ്പുട്ടി എന്നയാളുടെ വീടിന്റെ ഓട് തുളച്ച് വലിയ കരിങ്കല്ല് വീടിനുള്ളില്‍ പതിച്ചു. വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന വൃദ്ധനായ ബാപ്പുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്ത് പരിധിയില്‍ ചൂരക്കോട് പന്നിയം കുന്ന്, കാരാമ്പറ്റ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കരിങ്കല്‍ ക്വാറി. ഇന്നലെ ക്വാറിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ കാരമ്പറ്റ വാപ്പുട്ടി എന്നയാളുടെ വീടിന്റെ ഓട് തുളച്ച് വലിയ കരിങ്കല്ല് വീടിനുള്ളില്‍ പതിച്ചു. വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന വൃദ്ധനായ ബാപ്പുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ചട്ടങ്ങള്‍ ലംഘിച്ച് പ്രദേശത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്വാറിക്കെതിരെ മാസങ്ങളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രദേശത്തുള്ള മിക്ക വീടുകള്‍ക്കും ജുമാ മസ്ജിദിനും ക്വാറിയിലെ അനിയന്ത്രിതമായ സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്വാറിക്ക് ലൈസന്‍സ് അനുവദിച്ച പഞ്ചായത്ത് അധിക്യതരെയും മറ്റു ബന്ധപ്പെട്ട അധികാരികളെയും നീതിക്ക് വേണ്ടി സമീപിച്ചെങ്കിലും ക്വാറിക്ക് അനുകൂലമായ നിലപാടാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പരാതിയുണ്ട്. പ്രതിഷേധവുമായി രംഗത്ത് വരുന്ന നാട്ടിലെ യുവാക്കളെയും സ്ത്രീകളെയും ക്വാറി മുതലാളിമാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.