കനത്ത മഴ; കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, ട്രെയിന്‍ ഗതാഗതം താറുമാറായി

Update: 2021-07-16 13:57 GMT

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍. പാളത്തില്‍ മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ ഭാഗത്തേക്കുള്ള പാതയില്‍ മംഗളൂരു ജങ്ഷനും തോക്കൂറിനും ഇടയില്‍ പാലക്കാട് ഡിവിഷന്‍ അതിര്‍ത്തിയായ പടിയില്‍ കുലശേഖയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. മംഗള എക്‌സ്പ്രസ് ഈറോഡ് വഴി വഴിതിരിച്ചുവിട്ടു. മംഗളൂരു- കോയമ്പത്തൂര്‍ പാസഞ്ചര്‍ റദ്ദാക്കിയെന്ന് റെയില്‍വേ അറിയിച്ചു.

നിരവധി ട്രെയിനുകളുടെ സമയം ക്രമീകരിക്കും. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടുപറ്റി. സമീപത്തെ സുരക്ഷാ ഭിത്തിക്കും തകരാറുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കൂ. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നാളെയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണു റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മേഖലയില്‍ പെയ്യുന്ന കനത്ത മഴ മണ്ണ് നീക്കാനുള്ള ജോലികളെ ബാധിക്കുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.

Tags:    

Similar News