പട്ന: ബിഹാറിലെ ഗയ ജില്ലയില്‍ ഗുരാരു റെയില്‍വെ സ്റ്റേഷന് സമീപം ട്രാക്കില്‍ നാടന്‍ ബോംബ് കണ്ടെത്തി. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷന് 100 മീറ്റര്‍ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്. ട്രാക്കില്‍വച്ച് തന്നെ ബോംബ് നിര്‍വീര്യമാക്കിയതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഗയയില്‍ മാവോവാദികള്‍ മണ്ണുമാന്ത്രി യന്ത്രം തകര്‍ത്തതിന് പിന്നാലെയാണ് ട്രാക്കില്‍ ബോംബ് കണ്ടെത്തുന്നത്. തീവ്രത കുറഞ്ഞ ബോംബായതിനാല്‍ ട്രാക്കില്‍ വച്ച് നിര്‍വീര്യമാക്കിയതായി ഗയയിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.