തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമം വിഫലം; പുലിക്കൂട്ടില്‍ വച്ച പുലിക്കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി

Update: 2022-01-11 02:54 GMT

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ മൂന്നാം ദിവസത്തെ ശ്രമവും വിഫലമായി. വനംവകുപ്പ് സ്ഥാപിച്ച പുലിക്കൂട്ടില്‍ വച്ച പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി. തുടര്‍ന്ന് ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ ഓഫിസിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലെത്തി അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കൂട്ടില്‍ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയിരിക്കുന്നത്.

അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോവട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകീട്ടാണ് വീടിനോട് ചേര്‍ന്ന് വലിയ കൂടും വച്ചത്.

കുഞ്ഞുങ്ങളെ തേടി മൂന്നുതവണ പുലി എത്തിയതായി വനംവകുപ്പിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാവാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. വീട്ടുടമയായ മാധവന്‍ ജോലിസംബന്ധമായി ഗുജറാത്തിലായതിനാല്‍, 10 വര്‍ഷമായി വീട് പൂട്ടിക്കിടക്കുകയാണ്.

കഴിഞ്ഞ മഴക്കാലത്ത് മേല്‍ക്കൂര തകര്‍ന്നിരുന്നു. വര്‍ഷങ്ങളായി വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നന്‍ എന്നയാളാണ് പുലിയെ കണ്ടത്. പറമ്പില്‍ പണിയെടുക്കുന്നതിനിടെ, വീടിനകത്തുനിന്ന് ശബ്ദംകേട്ടു. എത്തിനോക്കിയപ്പോള്‍, ഒരു പുലി എഴുന്നേറ്റ് എതിര്‍ദിശയിലേക്ക് നടന്നുപോവുന്നതാണ് കണ്ടത്. സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് അകത്തേക്ക് കടന്നപ്പോഴാണ് രണ്ട് പുലിക്കുട്ടികള്‍ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. കൂടും കാമറയും സ്ഥാപിക്കുകയായിരുന്നു.

Tags:    

Similar News