വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കരെയുടെ തിരോധാനം; പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഓള്‍ ഇന്ത്യ ആര്‍ടിഐ ഫോറം
അനധികൃത ഭൂമി ഇടപാട്, പാടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഡിസംബര്‍ 31 മുതലാണ് ഷിജുവിനെ കാണാതായത്.
പാലക്കാട്: തൃശൂര്‍ കൊരട്ടിയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കര(36)യുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ഷിജുവിന് ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഷിജുവിന്റെ ഭാര്യ വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഓള്‍ ഇന്ത്യ ആര്‍ടിഐ ഫോറം ആവശ്യപ്പെട്ടു.
അനധികൃത ഭൂമി ഇടപാട്, പാടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഡിസംബര്‍ 31 മുതലാണ് ഷിജുവിനെ കാണാതായത്. 10 ദിവസമായിട്ടും ഷിജുവിനെ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. ഷിജു മാറി നില്‍ക്കുന്നതായി വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. ചാലക്കുടിയിലെ കെപിഎംഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് കാണാതായ ഷിജു.
കൂലിപ്പണിക്കാരനായ ഷിജു വീടിന്റെ കോണ്‍ക്രീറ്റ് ജോലിയുമായി ബന്ധപ്പെട്ട് അങ്കമാലി മൂക്കന്നൂരില്‍ പോയിരുന്നു. അന്നു രാത്രി മുതല്‍ ഷിജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് തയാറായിരുന്നില്ലെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ ആര്‍ടിഐ ഫോറം ഭാരവാഹികളായ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാജാ ഹുസൈന്‍ പാലക്കാട്, സംസ്ഥാന ട്രഷറര്‍ മന്‍സൂര്‍ മണ്ണാര്‍ക്കാട്, സംസ്ഥാന സെക്രട്ടറിമാരായ ഷംസു നീരാണി, ഉനൈസ് തേങ്കര തുടങ്ങിയവര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടത്.