ജലനിധി കുടിവെള്ള പദ്ധതിയിലെ ഫണ്ട് വകമാറ്റല്‍: ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ
പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞു.
പത്തിരിപ്പാല: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയിലെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ. നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹിയുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലക്കിടി പേരൂര്‍ പഞ്ചായത്തിലെ 6, 7, 8, 9, 10 വാര്‍ഡ് നിവാസികള്‍ ഒരുവര്‍ഷക്കാലമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
പത്തിരിപ്പാല ഭാരതപ്പുഴയുടെ തീരത്തുള്ള നാവില്‍കടവിലെ പമ്പ്ഹൗസ് അറ്റകുറ്റപ്പണിയുടെ പേരില്‍ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് പൗച് മുഖേന 20,000 രൂപ പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണ കൈപ്പറ്റിയിരുന്നു. എന്നാല്‍, പമ്പ് ഹൗസ് അറ്റകുറ്റപ്പണി നടത്തിയതിന്റെ യാതൊരുവിധ രേഖയും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിക്ക് നല്‍കിയിരുന്നില്ല. 20,000 രൂപ ചെലവഴിച്ചതിന്റെ കണക്ക് ചോദിച്ചപ്പോള്‍ നിലവിലെ പ്രവൃത്തിക്ക് യാതൊരുവിധ കൊട്ടേഷനുമില്ലാതെ ഡാഷ് എന്ന കമ്പനിക്ക് പണം കൊടുത്തതായാണ് വിവരാവകാശ രേഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്.
പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞു. എസ്ഡിപിഐ ലക്കിടി പേരൂര്‍ പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ എ വി മുഹമ്മദ് ഷെരീഫ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീന്‍, ഹൈദര്‍, മണ്ഡലം സെക്രട്ടറി ഫിറോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.