കുഴല്‍പ്പണക്കേസിനെച്ചൊല്ലി സംഘര്‍ഷം: മുഴുവന്‍ ബിജെപി- ആര്‍എസ്എസ് ക്രിമിനലുകളെയും അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ
തൃശൂര്‍: കുഴല്‍പ്പണ കേസിനെച്ചൊല്ലി ചേരിതിരിഞ്ഞ് അക്രമവും കത്തിക്കുത്തും നടത്തിയ മുഴുവന്‍ ബിജെപി-ആര്‍എസ്എസ് ക്രമിനലുകളെയും ഉടന്‍ ഉടന്‍ അറസ്റ്റുചെയ്ത് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പോലിസ് ഇടപെടണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പുതിയവീട്ടില്‍ ആവശ്യപ്പെട്ടു. വാടാനപ്പള്ളി തൃത്തല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊവിഡ് വാക്‌സിനെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം കുഴല്‍പ്പണ കേസില്‍ പോലിസ് ചോദ്യം ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ അനുകൂല വിഭാഗവും (ഏഴാംകല്ല്) വാടാനപ്പള്ളി ബീച്ച് വ്യാസനഗര്‍ വിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞുനടത്തിയതാണ്.
സുജയ് സേനനും ബിജെപിയുടെ പ്രാദേശിക നേതാവിനും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയതില്‍ പങ്കുണ്ടെന്ന ആരോപണം നാളുകളായി പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അത് അന്വേഷണ വിധേയമാക്കണം. ബിജെപി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വാക്‌സിനേഷന്‍ നല്‍കുന്നിടത്ത് നടത്തിയ ഏറ്റുമുട്ടല്‍ കൊവിഡ് കാലത്തും ബിജെപി നടത്തുന്ന അക്രമരാഷ്ട്രീയത്തിന്റെ തെളിവാണ്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും മറ്റു ബിജെപി പ്രാദേശിക നേതൃത്വവും നോക്കിനില്‍ക്കെ നടന്ന അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചായത്ത് ജനപ്രതിനിധികള്‍ കൂടിയായ ഈ നേതാക്കള്‍ക്കാണെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.