ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(മുഡ) ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതി ചേര്‍ത്തു. ലോകായുക്ത നല്‍കിയ പ്രഥമവിവര റിപോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തത്. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ ബി എം പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു എന്നിവരില്‍ നിന്ന് സ്വാമി ഭൂമി വാങ്ങി പാര്‍വതിക്ക് സമ്മാനമായി നല്‍കിയെന്നാണ് ലോകായുക്ത പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ അനുമതി കര്‍ണാടക ഹൈക്കോടതി ശരിവച്ചതിനു പിന്നാലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
സിദ്ധരാമയ്യയുടെ ഭാര്യക്ക് അതോറിറ്റി 14 സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് മുഡ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് അനുവദിച്ച നഷ്ടപരിഹാര പ്രദേശങ്ങള്‍ മൈസൂരുവിലെ ഒരു ഉയര്‍ന്ന മാര്‍ക്കറ്റ് ഏരിയയില്‍ മുഡ അവരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയേക്കാള്‍ വളരെ കൂടുതലാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അഴിമതിക്കേസില്‍ പ്രതിയായ ഏറ്റവും പുതിയ പ്രതിപക്ഷ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. നേരത്തെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ് രിവാള്‍ എന്നിവരെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കിടന്നതിന് ശേഷമാണ് കെജ് രിവാളിന് സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് സോറന് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയുടെ ജാമ്യാപേക്ഷ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിക്കുകയായിരുന്നു.