യുപിയിലെ അബ്ദുല്‍ വാഹിദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 4,440 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ED attaches Glocal University worth Rs 4,440 crore in Money Laundering Case

Update: 2024-06-15 13:08 GMT

ലഖ്‌നോ: അനധികൃത ഖനന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുപിയിലെ മുന്‍ ബിഎസ്പി എംഎല്‍സി മുഹമ്മദ് ഇഖ്ബാലിനും കുടുംബത്തിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി 4,440 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. അബ്ദുല്‍ വാഹിദ് എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള സഹാറന്‍പൂരിലെ ഗ്ലോക്കല്‍ യൂനിവേഴ്‌സിറ്റിയുടെ 121 ഏക്കര്‍ സ്ഥലവും കെട്ടിടവും ഉള്‍പ്പെടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ഉപയോഗിച്ച് കണ്ടുകെട്ടിയത്. ഇഡിയുടെ ലക്‌നോ സോണല്‍ ഓഫിസാണ് നടപടിയെടുത്തത്. ട്രസ്റ്റിന്റെ നിയന്ത്രണവും നടത്തിപ്പും മുന്‍ എംഎല്‍സി മുഹമ്മദ് ഇഖ്ബാലിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമാണെന്നാണ് ഇഡി ആരോപണം. ഏതാനും ഖനന പാട്ട ഉടമകള്‍ക്കെതിരേ സഹാറന്‍പൂര്‍ ജില്ലയിലെ മണല്‍ ഖനന പാട്ടങ്ങള്‍ അനധികൃതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ നേരത്തേ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഖനന സ്ഥലത്തെ എല്ലാ സ്ഥാപനങ്ങളും മുഹമ്മദ് ഇഖ്ബാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്. പ്രസ്തുത സ്ഥാപനങ്ങള്‍ സഹാറന്‍പൂരിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ അനധികൃത ഖനനം നടത്തിയെന്നാണ് ആരോപണം. ട്രസ്റ്റിമാരെല്ലാം മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബാംഗങ്ങളാണ്. ട്രസ്റ്റിന്റെ ഫണ്ട് പിന്നീട് സഹാറന്‍പൂരില്‍ സ്ഥലം വാങ്ങാനും കെട്ടിട നിര്‍മാണത്തിനും ഗ്ലോക്കല്‍ യൂനിവേഴ്‌സിറ്റി എന്ന പേരില്‍ ഒരു സര്‍വകലാശാലയുടെ നടത്തിപ്പിനുമായി ഉപയോഗിച്ചു. അനധികൃത ഖനനത്തിലൂടെ സമ്പാദിച്ച 500 കോടിയിലേറെ രൂപ സര്‍വകലാശാലയുടെ ഭൂമി വാങ്ങാനും കെട്ടിടം പണിയാനും ഉപയോഗിച്ചു. സ്ഥലവും കെട്ടിടവും ഉള്‍പ്പെടെ പ്രസ്തുത വസ്തുവിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 4439 കോടി രൂപയാണെന്നും ഇഡി അറിയിച്ചു. ഒളിവിലുള്ള മുഹമ്മദ് ഇഖ്ബാല്‍ ദുബയിലാണെന്നും ഇയാളുടെ നാല് മക്കളും സഹോദരനും നിലവില്‍ ഒന്നിലേറെ കേസുകളില്‍ ജയിലിലാണെന്നും ഇഡി അറിയിച്ചു.

Tags:    

Similar News