
ന്യൂഡല്‍ഹി: ഇഡി ജനങ്ങളുടെ മൗലികാവകാശങ്ങളെ കുറിച്ച് കൂടി ചിന്തിക്കണമെന്ന് സുപ്രിംകോടതി. നാഗരിക് ആപൂര്‍ത്തി നിഗം (എന്‍എഎന്‍) അഴിമതി കേസ് ഛത്തീസ്ഗണ്ഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹരജി പരിഗണിക്കവെയാണ് പരാമര്‍ശം. വ്യക്തികള്‍ക്കുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം എങ്ങനെയാണ് റിട്ട് ഹരജി ഫയല്‍ ചെയ്തതെന്ന് ജസ്റ്റിസ്മാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് അന്വേഷണ ഏജന്‍സിയോട് ചോദിച്ചു.
ബെഞ്ചിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന്, ഇഡിക്കും മൗലികാവകാശങ്ങളുണ്ടെന്ന് പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹരജി പിന്‍വലിക്കാന്‍ അനുമതി തേടി. എന്നാല്‍ ഇഡിക്ക് മൗലികാവകാശങ്ങളുണ്ടെങ്കില്‍, ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും ചിന്തിക്കണമെന്ന് ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ കോടതി രാജുവിനെ അനുവദിച്ചു.
പൊതുവിതരണ സമ്പ്രദായത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍എഎന്റെ ചില ഓഫീസുകളില്‍ 2015 ഫെബ്രുവരിയില്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തി കണക്കില്‍പ്പെടാത്ത 3.64 കോടി രൂപ പിടിച്ചെടുത്തതോടെയാണ് എന്‍എഎന്റെ അഴിമതി പുറത്തുവന്നത്.