പ്രളയ ഫണ്ട് തട്ടിപ്പ്: പൊതുജനത്തിനിടയില്‍ മുസ്‌ലിം ലീഗിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു- എസ്ഡിപിഐ

11 ലക്ഷം രൂപയില്‍ ഏഴര ലക്ഷവും നേതാക്കളുടെ ബന്ധുക്കള്‍ക്ക് മാത്രമായി നല്‍കിയെന്ന സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് സാലിയുടെ ആരോപണങ്ങള്‍ക്ക് സത്യസന്ധമായ മറുപടി ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല. ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണം വന്നത്. ആത്മാഭിമാനമുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തു വരണം.

Update: 2021-06-13 07:26 GMT

പത്തനംതിട്ട: 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി വിതരണം ചെയ്യുന്നതിന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നല്‍കിയ 11.5 ലക്ഷം രൂപ ജില്ലയിലെ നേതാക്കള്‍ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് അഭിപ്രായപ്പെട്ടു.

ജില്ലയിലെ ലീഗ് നേതാക്കളുടെ സത്യസന്ധതയും അതുവഴി ലീഗിനോടുള്ള വിശ്വാസ്യതയും അണികള്‍ക്കും പൊതുസമൂഹത്തിനും നഷ്ടമായതിന്റെ തെളിവാണിത്. 11 ലക്ഷം രൂപയില്‍ ഏഴര ലക്ഷവും നേതാക്കളുടെ ബന്ധുക്കള്‍ക്ക് മാത്രമായി നല്‍കിയെന്ന സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് സാലിയുടെ ആരോപണങ്ങള്‍ക്ക് സത്യസന്ധമായ മറുപടി ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല. ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണം വന്നത്. ആത്മാഭിമാനമുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തു വരണം.

ഫണ്ട് നല്‍കിയത് ആര്‍ക്കൊക്കെയാണന്ന ലിസ്റ്റ് പുറത്തു വിടാനുള്ള സാമാന്യ മര്യാദ കാണിക്കാനെങ്കിലും ലീഗ് നേതൃത്വം തയ്യാറാകണം. ഫണ്ട് വകമാറ്റിയതായി ജില്ലാ കമ്മിറ്റിക്ക് കത്തു നല്‍കിയിട്ടും നേതൃത്വം മുഖവിലക്കെടുത്തില്ല. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാദിഖലി ഷിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് മുഹമ്മദ് സാലിയുടെ വെളിപ്പെടുത്തല്‍.

പ്രളയഫണ്ടില്‍ പോലും തട്ടിപ്പ് നടത്തിയവര്‍ക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഉള്ളതെന്ന് പൊതുസമൂഹം മനസ്സിലാക്കണം. ജില്ലയില്‍ ലീഗിനുള്ള ജനപിന്തുണ നഷ്ടപ്പെട്ടതോടെ പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്നതിലൂടെ ലീഗിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടമായെന്നും മുഹമ്മദ് അനീഷ് അഭിപ്രായപ്പെട്ടു.

Tags:    

Similar News