ഹർത്താൽ ദിനത്തിൽ കരുണയുടെ കരങ്ങളുമായി കരുണ ഓട്ടോ ഫ്രണ്ട്സ്
ആശുപത്രിയിലെ കിടപ്പ് രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ഭക്ഷണം നൽകിയത്.
മല്ലപ്പള്ളി: ഹോട്ടലുകൾ തുറക്കാതെയും വാഹനങ്ങൾ ഓടാതെയും ഇരുന്ന ഹർത്താൽ ദിനത്തിൽ കരുണയുടെ കരങ്ങളുമായി കരുണ ഓട്ടോ ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി രംഗത്ത്. മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിപടി കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ ഓട്ടോ ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ഹർത്താൽ മൂലം ഭക്ഷണം ലഭിക്കാതെ വലഞ്ഞവർക്ക് ഭക്ഷണം നൽകി.
ആശുപത്രിയിലെ കിടപ്പ് രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ഭക്ഷണം നൽകിയത്. കഴിഞ്ഞ നാല് വർഷമായി ഹർത്താൽ ദിനത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഇവർ ഭക്ഷണം നൽകി വരുന്നത്. ഇത് കൂടാതെ ലക്ഷകണക്കിന് രൂപയാണ് രോഗികളായി ദുരിതം അനുഭവിക്കുന്നവർക്ക് കരുണ ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്നത്.
ഇവർക്ക് ലഭിച്ച ആംബുലൻസിന്റെ സേവനവും നിർദ്ധന രോഗികൾക്ക് നൽകുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് അപ്പർകുട്ടനാടൻ മേഖലയായ നിരണത്ത് ദുരിതം അനുഭവിച്ചവർക്ക് ആശ്വാസമായി വീട്ടുപകരണങ്ങൾ ഉൾപ്പെടെ കരുണ ഓട്ടോ ഫ്രണ്ട്സ് നൽകി സമുഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റ് സി ടി റെജി, തോമസ് കെ എബ്രഹാം, ജോസഫ് മാത്യു, ഷിജു എം സി, സുരേഷ് പി എം, സോജി സി ജോയി, റെജി എൻ ജി, ജോൺ കണിയാംപറമ്പിൽ, പ്രവീൺ കുമാർ, വിഷ്ണു എസ് എന്നിവരുടെ നേത്യത്വത്തിൽ പതിനെട്ട് പേർ അടങ്ങുന്ന കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്.