നിവര്‍ത്തന പ്രക്ഷോഭ സ്മരണകളുറങ്ങുന്ന മണ്ണില്‍ ജനമുന്നേറ്റ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം

Update: 2024-02-28 17:16 GMT

പത്തനംതിട്ട: നീതിക്കായുള്ള അവകാശ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ നിവര്‍ത്തന പ്രക്ഷോഭത്തിന് ആവേശാഗ്നി പകര്‍ന്ന സമരനായകന്‍ സി കേശവന്‍ നടത്തിയ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ ചരിത്ര സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ സാമൂഹിക ജനാധിപത്യത്തിന്റെ പുതുയുഗ സന്ദേശവുമായി കടന്നുവന്ന ജനമുന്നേറ്റ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം. പമ്പയുടെ തീരങ്ങളിലും അച്ചന്‍കോവിലാറിന്റെ മടിത്തട്ടിലും മാനവ സൗഹാര്‍ദ്ദത്തിന്റെ ഊടും പാവും നെയ്ത മലയോര മണ്ണിലേക്ക് ജനകീയ മുന്നേറ്റത്തിന്റെ നവ രാഷ്ട്രീയം പങ്കുവെച്ചാണ് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര കടന്നുവന്നത്. മലബാറിലും മധ്യകേരളത്തിലും ജനമുന്നേറ്റത്തിന്റെ അലയൊലികള്‍ തീര്‍ത്ത യാത്രയെ പത്തനംതിട്ട നിവാസികളും ഹൃദയത്തോട് ചേര്‍ത്തു. ബുധനാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ അതിര്‍ത്തിയായ പഴകുളത്ത് നിന്നാരംഭിച്ച വാഹനജാഥ അടൂര്‍, പന്തളം പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പത്തനംതിട്ടയില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയൊരു ജനാവലിയാണ് ജനമുന്നേറ്റ യാത്രയെ വരവേല്‍ക്കാനെത്തിയത്.

അന്തിയുറങ്ങുന്നതിന് കൂരവെക്കാന്‍ ഒരു പിടി മണ്ണ് സ്വന്തമായില്ലാത്ത ആയിരങ്ങള്‍ തെരുവുകളിലും കടത്തിണ്ണകളിലും പുറംപോക്കുകളിലും വസിക്കുന്ന സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കര്‍ അനധികൃത ഭൂമി കൈവശം വെക്കുന്ന കുത്തക മുതലാളിമാര്‍ക്കെതിരേ ഐതിഹാസിക സമരം നടത്തി ഭൂമിയുടെ രാഷ്ട്രീയം ചര്‍ച്ചയാക്കിയ ചെങ്ങറയുടെ വിപ്ലവ സ്മരണകള്‍ നെഞ്ചേറ്റിയ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പാര്‍ശ്വവല്‍കൃത-ന്യൂനപക്ഷ സമൂഹങ്ങളും യാത്ര മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കടക്കെണിയിലേക്കും എത്തിച്ച കര്‍ഷക വിരുദ്ധ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ താക്കീതായി മാറി.

സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ- അസമത്വ-മനുഷ്യത്വ വിരുദ്ധ മനുസ്മൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്നാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും ബഹുസ്വരതയും തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞ പുതുക്കിയാണ് സ്വീകരണ റാലിയും സമ്മേളനവും സമാപിച്ചത്.


Tags:    

Similar News