പെരുമ്പാവൂര്‍: രാജ്യത്തിന്റെ വീണ്ടെടുപ്പിനുള്ള ജനമുന്നേറ്റ യാത്രയെ കേരളത്തിന്റെ വ്യവസായ തലസ്ഥാനം ഹൃദയത്തില്‍ ഏറ്റുവാങ്ങി. രാജ്യതാല്‍പ്പര്യം ബലികഴിച്ച് ചങ്ങാത്ത മുതലാളിത്വ ശിങ്കിടികള്‍ക്കായി കരയും കടലും വാണിജ്യവ്യവസായ കാര്‍ഷിക മേഖലയും നിരുപാധികം തീറെഴുതി കൊടുക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനുള്ള കനത്ത താക്കീതാണ് ജാഥയില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ വിളിച്ചോതുന്നത്. പൗരാണിക കാലം തൊട്ട് വൈവിധ്യങ്ങളെയും വ്യത്യസ്ത സംസ്‌കാരങ്ങളെയും സഹിഷ്ണുതയോടെ സ്വാഗതം ചെയ്ത അറബിക്കടലിന്റെ റാണി, ഏകശിലാരൂപ സംസ്‌കാരം സൃഷ്ടിക്കാനുള്ള സംഘപരിവാര കുടില താല്‍പ്പര്യങ്ങളെ തിരസ്‌കരിക്കുന്നു എന്ന മുന്നറിയിപ്പായിരുന്നു ഈ ജനമുന്നേറ്റം.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കളമശ്ശേരിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ പെരുമ്പാവൂരിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ ആലുവ മാര്‍ക്കറ്റ്, ബാങ്ക് ജങ്ഷന്‍, പമ്പ് ജങ്ഷന്‍, ചൂണ്ടി, ചെമ്പറക്കി, സൗത്ത് വാഴക്കുളം, പോഞ്ഞാശ്ശേരി വഴി പാലക്കാട്ടുതാഴം വരെ വാഹനജാഥയായാണ് എത്തിയത്. അവിടെനിന്ന് ബഹുജനറാലിയായി സ്വീകരണ സമ്മേളന വേദിയായ പെരുമ്പാവൂര്‍ നഗരത്തിലേക്ക് ആനയിച്ചു.
രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ റോഡിനിരുവശവും മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. പാലക്കാട്ടുതാഴത്തു നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ അണിനിരന്നു. യാത്ര എറണാകുളം ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കടക്കെണിയിലേക്കും തള്ളിയിട്ട ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ മുന്നറിയിപ്പായി മാറി.
കിരാതമായ ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കല്‍പ്പിച്ച് മതിലുകള്‍ കെട്ടി മനുഷ്യനെ വേര്‍തിരിക്കുന്ന ഫ്യൂഡല്‍ മാടമ്പി സംസ്‌കാരത്തിനെതിരേ പ്രതിരോധം തീര്‍ത്ത വടയമ്പാടിയുടെ ആവേശം ഹൃദയത്തിലേറ്റു വാങ്ങി സാംസ്‌കാരിക ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പിന് സജ്ജമായിരിക്കുന്നു പുരുഷാരം. സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ അസമത്വമനുഷ്യത്വ വിരുദ്ധ സംസ്‌കൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്ന സന്ദേശമാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും ബഹുസ്വരതയും തിരിച്ചുപിടിക്കാന്‍ പുതിയ സമരകാഹളം ഉയര്‍ത്തിയാണ് സ്വീകരണ റാലിയും സമ്മേളനവും സമാപിച്ചത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ശനിയാഴ്ച യാത്ര ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് രാമക്കല്‍മേട്ടില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് നെടുംകണ്ടത്ത് സമാപിക്കും.