ബൈക്ക് മോഷണം: പ്ലസ്ടൂ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മോഷ്ടിക്കുന്ന ബൈക്കുകള്‍ പൊളിച്ചതിനുശേഷം രാവിലെ തമിഴ്‌നാട്ടിലേക്ക് പോവുന്ന മീന്‍ലോറിയില്‍ കയറ്റി അയക്കുകയാണ് ഇവരുടെ രീതി. ഒരു ബൈക്ക് മോഷ്ടിച്ച് കടത്തിയാല്‍ 10000 രൂപ മുതല്‍ 15000 രൂപവരെ ഇവര്‍ക്ക് ലഭിക്കും.
തിരുവനന്തപുരം: ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന സംഘത്തിലെ രണ്ടു പ്ലസ്ടൂ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പോലിസിന്റെ സഹായത്തോടെ തളിയല്‍ പമ്പ്ഹൗസ് ജങ്ഷനിലുള്ള ഒരുകൂട്ടം യുവാക്കളാണ് ഇവരെ പിടികൂടിയത്. കരമന തളിയലില്‍ നിന്നും ഇന്നലെ വൈകീട്ട് കാണാതെപോയ ബുള്ളറ്റ് വര്‍ക്കലയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് രണ്ടുപേരും പിടിയിലായത്.
ബുള്ളറ്റ് മോഷ്ടിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി പതിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പിടിയിലായവര്‍ കിള്ളിപ്പാലം തമിഴ് സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥികളാണ്. ബുള്ളറ്റ് വര്‍ക്കലയില്‍ ഉണ്ടെന്നറിഞ്ഞതോടെ തളിയലില്‍ നിന്നുള്ള യുവാക്കള്‍ കരമന പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ യുവാക്കള്‍ വര്‍ക്കലയിലെത്തി.
ഇന്നു പുലര്‍ച്ചെ ഒന്നോടെ വര്‍ക്കലയിലെ വീട്ടില്‍നിന്നും മോഷ്ടാക്കളെ പിടികൂടി കാറില്‍ കരമന സ്റ്റേഷനിലെത്തിച്ചു. മോഷ്ടിക്കുന്ന ബൈക്കുകള്‍ പൊളിച്ചതിനുശേഷം രാവിലെ തമിഴ്‌നാട്ടിലേക്ക് പോവുന്ന മീന്‍ലോറിയില്‍ കയറ്റി അയക്കുകയാണ് ഇവരുടെ രീതി. ഒരു ബൈക്ക് മോഷ്ടിച്ച് കടത്തിയാല്‍ 10000 രൂപ മുതല്‍ 15000 രൂപവരെ ഇവര്‍ക്ക് ലഭിക്കും. കരമന സ്റ്റേഷനില്‍ ഇവരുടെ പേരില്‍ മോഷണകേസ് നിലവിലുണ്ട്.