ചീറ്റ പട്രോള്‍ വാഹനങ്ങള്‍ നിരത്തിലെത്തി; നഗരത്തില്‍ 30 ട്രാഫിക് സെക്ടറുകള്‍

നഗരത്തില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോള്‍ സംഘത്തിന് രൂപം നല്‍കിയത്.

Update: 2020-01-01 18:05 GMT

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പോലിസ് ആവിഷ്ക്കരിച്ച ചീറ്റ പട്രോള്‍ സംവിധാനത്തിന് തുടക്കമായി. തമ്പാനൂര്‍ പോലിസ് സ്റ്റേഷനു മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെ 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 ബൈക്ക് പട്രോള്‍ സംഘങ്ങളും സേവനനിരതരായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്രയായി.

നഗരത്തില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോള്‍ സംഘത്തിന് രൂപം നല്‍കിയത്. സിറ്റിയിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നവംബര്‍ 24 ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചീറ്റ പട്രോള്‍ സംഘം രൂപീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചത്.

ചീറ്റ ഒന്ന് എന്ന സംഘത്തിന്‍റെ പ്രവര്‍ത്തനം കഴക്കൂട്ടം, തുമ്പ പ്രദേശങ്ങളിലായിരിക്കും. മെഡിക്കല്‍ കോളജ്, ശ്രീകാര്യം എന്നിവ കേന്ദ്രീകരിച്ച് ചീറ്റ രണ്ടും പേരൂര്‍ക്കട, മണ്ണന്തല എന്നിവ ആസ്ഥാനമാക്കി ചീറ്റ മൂന്നും പ്രവര്‍ത്തിക്കും. വട്ടിയൂര്‍ക്കാവ്, പൂജപ്പുര എന്നിവിടങ്ങളിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീറ്റ നാലിനേയും മ്യൂസിയം, കന്‍റോണ്‍മെന്‍റ് പ്രദേശങ്ങളിലേയ്ക്കായി ചീറ്റ അഞ്ചിനേയും നിയോഗിച്ചിട്ടുണ്ട്. ഫോര്‍ട്ട്, തമ്പാനൂര്‍ എന്നിവിടങ്ങളിലെ ചുമതല ചീറ്റ ആറിനും നേമം, കരമന എന്നിവിടങ്ങളിലെ ചുമതല ചീറ്റ ഏഴിനും നല്‍കി. ചീറ്റ എട്ട് പ്രവര്‍ത്തിക്കുന്നത് പേട്ട, വഞ്ചിയൂര്‍ എന്നിവിടങ്ങളിലാണ്. പൂന്തുറ, വലിയതുറ പ്രദേശങ്ങളിലെ ട്രാഫിക് മേല്‍നോട്ടം ചീറ്റ ഒന്‍പതിനാണ്. ചീറ്റ പത്തിന്‍റെ പ്രവര്‍ത്തന മേഖല വിഴിഞ്ഞം, കോവളം, തിരുവല്ലം എന്നിവിടങ്ങളിലായിരിക്കും. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റോഡിലെ കുഴികളും റോഡിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി മേല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുക എന്നിവ ചീറ്റ പട്രോള്‍ സംഘത്തിന്‍റെ ചുമതലയാണ്.

Tags:    

Similar News