ബിജെപി-സിപിഎം സംഘർഷത്തിന് അയവില്ല; വട്ടിയൂർക്കാവിൽ നിരോധനാജ്ഞ
മാമ്പഴക്കുന്ന് ചെറുപാലോട് ഭാഗത്ത് സിപിഎം പ്രവർത്തകന്റെ വീടാണ് ഒടുവിലായി ആക്രമിക്കപ്പെട്ടത്. അയോധ്യ നഗർ ഭാഗത്ത് താമസിക്കുന്ന യു ശശിയുടെ വീടിന് നേരെയായിരുന്നു ഇന്ന് പുലർച്ചെ ഒന്നോടെ ആക്രമണമുണ്ടായത്.
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി-സിപിഎം സംഘർഷത്തിന് അയവില്ല. ഒരാഴ്ച മുമ്പ് നടന്ന ആക്രമണത്തിന്റെ തുടർച്ചയായാണ് പ്രദേശത്ത് സംഘർഷം വ്യാപിച്ചത്. അതേസമയം, സംഘർഷ സാധ്യത നിലനിൽക്കുന്ന വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലും സിറ്റി പോലിസ് കമ്മീഷണർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മാമ്പഴക്കുന്ന് ചെറുപാലോട് ഭാഗത്ത് സിപിഎം പ്രവർത്തകന്റെ വീടാണ് ഒടുവിലായി ആക്രമിക്കപ്പെട്ടത്. അയോധ്യ നഗർ ഭാഗത്ത് താമസിക്കുന്ന യു ശശിയുടെ വീടിന് നേരെയായിരുന്നു ഇന്ന് പുലർച്ചെ ഒന്നോടെ ആക്രമണമുണ്ടായത്. വീടിനുനേരെ ഒരു സംഘം ആൾക്കാർ കല്ലെറിയുകയും സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. വീടിന്റെ ജനാല ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പോലിസ് എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. അതിനിടെ, സംഘർഷ സാധ്യത നിലനിൽക്കുന്ന വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലും പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. 15 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ സംഘംചേരൽ, പ്രകടനങ്ങൾ നടത്തൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവ പാടില്ല. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലെ 20 ഓളം പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ പോലീസ് ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ട്.