എസ്‌ഐയെ അക്രമിച്ചതിന് കസ്റ്റഡിയിലായ യുവാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിച്ചിട്ടും പെറ്റിക്കേസ് മാത്രം ചുമത്തി. കാലിന് പരിക്കേറ്റ ഗ്രേഡ് എസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്.
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പ്രവീണ്‍ എന്ന പ്രവര്‍ത്തകനെയാണ് ഡിവൈഎഫ്‌ഐ പൂന്തുറ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. കാലിന് പരിക്കേറ്റ ഗ്രേഡ് എസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ രാത്രി പൂന്തുറയില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ഡിയോ സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ വന്ന പ്രവീണിനേയും സുഹൃത്തിനേയും ഗ്രേഡ് എസ്‌ഐ ശൈലേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ തടഞ്ഞു. എന്നാല്‍ സ്‌കൂട്ടര്‍ നിര്‍ത്താതെ ഗ്രേഡ് എസ്‌ഐയുടെ കാലിലിടിച്ചശേഷം തിരികെ പോവാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവീണിനെ പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് രാത്രി 11.30ഓടെ സ്‌റ്റേഷനില്‍ സംഘടിച്ചെത്തിയ മുപ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷനു അകത്തുകയറിയും ഭീഷണിപ്പെടുത്തി. പിന്നീട് രണ്ടുമണിയോടെ ലൈസന്‍സില്ലാത്തതിനു പെറ്റിക്കേസ് ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രവീണിനെ വിട്ടയക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിക്കുന്നത് ജാമ്യമില്ലാ കേസാണ്. എന്നാല്‍, ഇതിനു മുതിരാതെ രാഷ്ട്രീയസമ്മര്‍ദ്ദത്താലാണ് പെറ്റിക്കേസ് ചുമത്തി വിട്ടയച്ചത്. ഇതിനെതിരേ പോലിസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പോലിസിനെ ഭയന്ന് പ്രവീണിന്റെ ഭാഗത്തുനിന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നാണ് എസ്എച്ച്ഒ പറഞ്ഞത്. എന്നാല്‍, വാഹന പരിശോധനക്കിടെ പ്രവീണ്‍ മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നുവെന്നാണ് ഗ്രേഡ് എസ്‌ഐ പറയുന്നത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം വിശദീകരണം നല്‍കിയിട്ടുമില്ല.