മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; മൃതദേഹങ്ങള്‍ യഥാസമയം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ടാസ്‌ക് ടീം

Update: 2021-09-29 14:14 GMT

തിരുവനന്തപുരം: മൃതദേഹം യഥാസമയം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതില്‍ കാലതാമസം വരാതിരിക്കാനായി മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ട് തലത്തില്‍ ടാസ്‌ക് ടീമിനെ നിയോഗിച്ചിട്ടുള്ളതായി മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ടീമിന്റെ ഉത്തരവാദിത്വം നേഴ്‌സിങ് സൂപ്രണ്ടിന് നല്‍കിയതായി റിപോര്‍ട്ടില്‍ പറയുന്നു. ടാസ്‌ക് ടീം കൃത്യമായി ജോലി നിര്‍വഹിക്കുന്നുണ്ടോ എന്ന് നഴ്‌സിങ് സൂപ്രണ്ട് നിരീക്ഷിച്ച ശേഷം എല്ലാ ദിവസവും മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ടിന് റിപോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കാനുള്ള കര്‍ശന നിര്‍ദ്ദേശം കൊവിഡ് സെല്ലിന്റെ നോഡല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ച 52കാരന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂര്‍ വാര്‍ഡില്‍ കിടത്തിയെന്ന ആരോപണത്തിന്റ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടും ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags:    

Similar News