അഴിയൂരില്‍ 12കാരിയെ ലഹരി കാരിയറാക്കിയ സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കും പോലിസിനുമെതിരേ മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Update: 2023-01-17 11:11 GMT

അഴിയൂര്‍: പന്ത്രണ്ട് വയസ്സുകാരിക്ക് മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് കാരിയറായി ഉപയോഗിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, പോലിസ് എന്നിവരുടെ ഭാഗത്തു നിന്നും സംഭവിച്ച ഗുരുതര വീഴ്ചകളുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഇന്ന് കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങിലാണ് പരാതി നല്‍കിയത്. നവംബര്‍ 24ന് നടന്ന സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും പിടിഎയും എട്ട് ദിവസത്തോളം ഒന്നും ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു.

24ന് സ്‌കൂളിലെത്തിയ മാതാവിനോട് പുറത്തുപറയേണ്ടെന്നും പിടിഎ വിളിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് ഹെഡ് ടീച്ചറും സ്‌കൂള്‍ കൗണ്‍സിലറും പറഞ്ഞത്. അന്നത്തെ പിടിഎ പ്രസിഡന്റിനോട് 25ന് തന്നെ ബന്ധുക്കള്‍ ഫോണില്‍ കൂടി സംഭവം പറയുകയും ചെയ്തിരുന്നു. എന്നാല്‍, രേഖാമൂലം ഒരു പരാതി പോലും നല്‍കാന്‍ തയ്യാറായില്ല. പോലിസും തികഞ്ഞ അലംഭാവമാണ് അന്വേഷണത്തില്‍ കാണിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ആയതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പോലിസ് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചെന്നും അന്തിമ റിപോര്‍ട്ടിന് ശേഷം കൂടുതല്‍ അന്വേഷണം പരിഗണിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേസ് അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News