സര്‍ക്കാര്‍ ലാബിന്റെ വീഴ്ചയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ടില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തില്‍ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ട പരിഹാരം ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. വര്‍ക്കല ചെമ്മരുതി ചുണ്ടവിള വീട്ടില്‍ 67 വയസ്സുള്ള പ്രസന്നക്കാണ് 15,000 രൂപ ലഭിച്ചത്. പ്രസന്നയുടെ മകള്‍ സ്വപ്‌ന സുജിത് സമര്‍പ്പിച്ച പരാതിയിലാണ് 15000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
പ്രമേഹരോഗ ചികില്‍സയുടെ ഭാഗമായാണ് പ്രസന്നയെ 2021 ജനുവരി 4ന് ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നടത്തിയ ലാബ് പരിശോധനയില്‍ പ്രസന്നയുടെ രക്തത്തില്‍ 10,000 സെല്‍സ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് അവശ്യം വേണ്ട സെല്‍സ്. രോഗിക്ക് അടിയന്തരമായി വിദഗ്ധചികില്‍സ നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 1,82,000 സെല്‍സ് കണ്ടെത്തി. ഇതുസംബന്ധിച്ച് പരാതി പറയാന്‍ ആശുപത്രിയിലെത്തിയ പരാതിക്കാരിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറഞ്ഞു.
കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്നും അന്വേഷണ റിപോര്‍ട്ട് വാങ്ങി. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ടില്‍ പറഞ്ഞത്. ലാബ് റിപോര്‍ട്ട് തെറ്റാണെന്ന് കമ്മീഷന്‍ വിലയിരുത്തി. തെറ്റായ റിപോര്‍ട്ട് കാരണം പരാതിക്കാരുടെ മാതാവിന് കൊല്ലത്ത് വിദഗ്ധ ചികില്‍സ തേടേണ്ടിവന്നു. ഇവര്‍ക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാമെഡിക്കല്‍ ഓഫിസര്‍ നഷ്ടപരിഹാരം നല്‍കിയ ശേഷം പ്രസ്തുത തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞിരുന്നു. നഷ്ടപരിഹാരം ലാബ് ജീവനക്കാരിയില്‍നിന്നും ഈടാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.