സിറ്റിങ് സീറ്റിൽ തോൽവി; കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി
വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജി ശിവദാസൻ 143 വോട്ടിനാണ് വിജയിച്ചത്. ശിവദാസൻ 621 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ എൽഡിഎഫിലെ എസ് ലതക്ക് 478 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 66 വോട്ടുകൾ ലഭിച്ചു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതോടെ കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജി ശിവദാസൻ 143 വോട്ടിനാണ് വിജയിച്ചത്. ശിവദാസൻ 621 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ എൽഡിഎഫിലെ എസ് ലതക്ക് 478 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 66 വോട്ടുകൾ ലഭിച്ചു.
വെള്ളംകുടി വാർഡിലെ എൽഡിഎഫ് അംഗമായിരുന്ന സജു കെഎസ്ആർടിസിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പഞ്ചായത്ത് ഭരണസമിതിയിൽ ആകെയുള്ള 17 സീറ്റിൽ സിപിഎം- 8, സിപിഐ- 1 കോൺഗ്രസ്- 8 എന്നിങ്ങനെയായിരുന്നു അംഗസംഖ്യ. ഒരാൾ രാജിവച്ചതോടെ ഇരുവരുടെയും കക്ഷിനില തുല്യമായി. നിലവിൽ കോൺഗ്രസിന്റെ ശിവദാസൻ വിജയിച്ചതോടെ ഭരണ സമിതിയിലെ അംഗസംഖ്യ യുഡിഎഫ്- 9, എൽഡിഎഫ്- 8 എന്ന നിലയിലായി.
വെള്ളംകുടിയിൽ ആര് ജയിച്ചാലും അവരാണ് പഞ്ചായത്ത് ഭരിക്കുകയെന്നതിനാൻ കനത്ത പോരാട്ടമാണ് നടന്നത്. ഇരു പാർട്ടികളുടേയും ജില്ലാ, സംസ്ഥാനതല നേതാക്കൾ വരെ പ്രചരണത്തിന് എത്തിയിരുന്നു.