ട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന് പോലിസ്
പാലക്കാട്: പാലക്കാട്ടെ ട്രോളി ബാഗ് വിവാദം അവസാനിക്കുന്നു. പെട്ടിയില്‍ പണമില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കി. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലിസ്. ഇനി തുടര്‍ നടപടികളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പോലിസ് വ്യക്തമാക്കി.
പാലക്കാട് കെപിഎം ഹോട്ടലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് പരിശോധന നടത്തിയത് വന്‍ രാഷ്ട്രീയ വിവാദത്തിനായിരുന്നു വഴി വെച്ചത്. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ താമസിക്കുന്ന ഇടത്ത് അന്ന് രാത്രി തന്നെ നടന്ന പരിശോധനയില്‍ വലിയ വിവാദമാണ് പൊട്ടിപുറപ്പെട്ടത്. ഈ നടപടിക്കതിരേ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു സിപിഎം പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പാതിരാ നാടകം. എന്നാല്‍ നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്ന് രാഹുല്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.