തിരുവനന്തപുരം: പോലിസ് ഉന്നതര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി മന്ത്രി സഭായോഗ തീരുമാനം. എം ആര്‍ അജിത്കുമാര്‍, എസ് സുരേഷ് എന്നിവരെ ഡിജിപി പദവിയിലേക്കും തരുണ്‍ കുമാറിനെ എഡിജിപി പദവിയിലേക്കും സ്ഥാനകയറ്റം നല്‍കുന്നതിനുള്ള സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ദേബേഷ് കുമാര്‍ ബഹ്‌റ, ഉമ, രാജ്പാല്‍മീണ, ജയനാഥ് ജെ എന്നിവരെ ഐജി പദവിയിലേക്കും നിയമിക്കും. യതീഷ് ചന്ദ്ര,ഹരി ശങ്കര്‍,കാര്‍ത്തിക് കെ, പ്രതീഷ് കുമാര്‍, ടി നാരായണ്‍ തുടങ്ങിയവര്‍ക്ക് ഡിഐജി പദവിയിലേക്കും സ്ഥാനകയറ്റം നല്‍കി. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെ വിവിധ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് എഡിജിപി എംആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം.
2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കിന്‍ഫ്രയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാര്‍ശ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
കൂടാതെ, മണാലി നദിക്ക് കുറുകെയുള്ള കൈനൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ് പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ചെങ്കല്‍ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്നും യോഗം അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭായോഗം.