യുവാവിന്റെ കൊലപാതകം: പ്രതികള്‍ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പോലിസ്
സംഭവത്തില്‍ പോലിസ് ഇടപെടീല്‍ വൈകിയതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നുരാവിലെ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളെന്ന് സംശയിക്കുന്നവര്‍ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പോലിസ്. കൊല്ലപ്പെട്ട അനന്ദുവിന്റെ കൈ ഞരമ്പുകള്‍ മുറിച്ചശേഷം രക്തം വാര്‍ന്ന് പോവുന്നത് രണ്ടരമണിക്കൂറോളം നേരം പ്രതികള്‍ നോക്കിനിന്നുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദീര്‍ഘനേരത്തെ ലഹരിക്കായി ഉപയോഗിക്കുന്നവയാണ് സിന്തറ്റിക് ഡ്രഗുകള്‍. ഒരുതവണത്തെ ഉപയോഗം പോലും കടുത്ത മനസിക വിഭ്രാന്തിയിലേക്ക് എത്തിക്കുന്ന ഇവ മയക്കുമരുന്നുകളില്‍ ഏറ്റവും അപകടകാരിയാണ്. സംഭവത്തില്‍ പോലിസ് ഇടപെടീല്‍ വൈകിയതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നുരാവിലെ സ്വമേധയാ കേസെടുത്തിരുന്നു.
തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കൊഞ്ചിറവിള സ്വദേശിയായ അനന്തു ഗിരീഷിന്റെ മൃതദേഹമാണ് നീറമണ്‍കര വനിതാ പോളിടെക്‌നിക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. ക്രൂരമര്‍ദ്ദനം ഏറ്റതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലിസ് നിഗമനം. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേന്ന് വൈകീട്ട് ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ തളിയില്‍ ഭാഗത്തു വച്ച് രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം.
ഇതിനിടയില്‍ അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് തട്ടിക്കൊണ്ടു പോയ വിവരം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് കാര്‍ തിരിച്ചറിഞ്ഞു. തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലെ രണ്ടുപേരെ പിടികൂടി. ബാലു, റോഷന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പത്ത് പ്രതികളുണ്ടെന്നാണ് പോലിസ് പറയുന്നത്. ബാക്കിയുള്ളവരെല്ലാം സംസ്ഥാനം വിട്ടുവെന്നും സൂചന ലഭിച്ചതായി പോലിസ് വ്യക്തമാക്കുന്നു.