തലസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍
ബാഗുകള്‍ യാത്രക്കാര്‍ അറിയാതെ തുറന്നോ, ബ്ലേഡ് കൊണ്ട് കീറിയോ ആണ് മോഷണം നടത്തിയിരുന്നത്. മൊബൈലുകള്‍ നാഗര്‍കോവിലിലെ കടകളിലാണ് വിറ്റിരുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്ത് ബസ് യാത്രികരുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുന്ന മോഷ്ടാക്കള്‍ പിടിയില്‍. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ ആറ്റുപുറം കുരുവിത്തോട്ടം വീട്ടില്‍ ബൈജു(24), നാഗര്‍കോവില്‍ തോവാള കെകെ നഗറില്‍ അശോകന്‍(47) എന്നിവരെയാണ് വഞ്ചിയൂര്‍ പോലിസ് പിടികൂടിയത്. ബീമാപ്പള്ളി പത്തേക്കര്‍ സദാനഗറില്‍ റഹിമയുടെ ആപ്പിള്‍ ഐഫോണ്‍ മോഷണം പോയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ബസുകളില്‍ യാത്രയ്ക്കിടെ ഫോണുകള്‍ പോവുന്നതായി നിരവധി പരാതികള്‍ പോലിസില്‍ ലഭിച്ചിരുന്നു. ബാഗുകള്‍ യാത്രക്കാര്‍ അറിയാതെ തുറന്നോ, ബ്ലേഡ് കൊണ്ട് കീറിയോ ആണ് മോഷണം നടത്തിയിരുന്നത്. മൊബൈലുകള്‍ നാഗര്‍കോവിലിലെ കടകളിലാണ് വിറ്റിരുന്നത്. അമ്പതോളം ഫോണുകള്‍ ഇവരുടെ കൈയില്‍നിന്നും പോലിസ് കണ്ടെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.