ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
തിരുവനന്തപുരം: മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേര്‍ തലനാരിഴയുടെ വ്യത്യാസത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ മാറനല്ലൂര്‍ പുന്നാവൂര്‍ കാരനിന്നവിളയിലായിരുന്നു സംഭവം. മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടില്‍ ഷിജിന്‍ദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും. ഇവര്‍ക്കൊപ്പം സുഹൃത്ത് ആദര്‍ശുമുണ്ടായിരുന്നു.
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളില്‍ അപ്രതീക്ഷിതമായി എന്‍ജിനില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടന്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട് വണ്ടി നിര്‍ത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന് വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്. തീപടരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാനായില്ല. നെയ്യാറ്റിന്‍കരില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. വണ്ടി പൂര്‍ണമായും കത്തിനശിച്ചു.