തൃശൂര്‍: കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപ്പിടിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ കേച്ചേരി ജങ്ഷനു സമീപമായിരുന്നു സംഭവം. കുന്നംകുളത്തു നിന്ന് തൃശൂരിലേക്കുപോയ ജെയ്ഗുരു എന്ന സ്വകാര്യബസ്സിനാണ് തീപ്പിടിച്ചത്. മുന്‍വശത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍തന്നെ ബസ് നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ബസ്സില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.
യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സിന്റെ അടിഭാഗത്തുനിന്നും തീ പടര്‍ന്നു. ഇതോടെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. പിന്നീട് കുന്നംകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീപ്പിടിത്തം മൂലം മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.