വിലക്കയറ്റവും വൈദ്യുതി നിരക്ക് വര്‍ധനയും: ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായി മാറി: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2024-12-04 17:12 GMT

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ജനങ്ങളുടെ മേല്‍ അമിത വൈദ്യുതി ചാര്‍ജും കൂടി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനവുമായി ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ജന ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നയനിലപാടുകള്‍ക്കെതിരേ പ്രാദേശിക തലങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയ കെഎസ്ഇബി തീരുമാനമാണ് അടിക്കടിയുള്ള നിരക്ക് വര്‍ധിപ്പിക്കാനുള്ള യഥാര്‍ഥ കാരണം. കൂടാതെ 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപ കുടിശ്ശികയാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയിരിക്കുന്നത്. സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും പിടിപ്പുകേടുകൊണ്ടുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.

നിലവിലെ നിരക്കിനു മേല്‍ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയും അതിനു പുറമേ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായും ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് ജനജീവിതം ദുസ്സഹമാക്കും. അനിയന്ത്രിതമായ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും തീവിലയായിരിക്കുന്നു. വിപണിയില്‍ ഇടപെട്ട് വില നയിന്ത്രിക്കാനോ പൊതുവിതരണം മെച്ചപ്പെടുത്തി അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.


Tags:    

Similar News