വയനാട് ദുരന്തം: സര്‍ക്കാര്‍ ധനസഹായം ഇരകളെ പരിഹസിക്കുന്നതിനു തുല്യം-കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2024-08-15 14:19 GMT

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം ഇരകളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേവലം ആറു ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചിരിക്കുന്നത് വെറും രണ്ടു ലക്ഷം മാത്രം. മുഖ്യമന്ത്രി നാമമാത്ര ധനസഹായം പ്രഖ്യാപിച്ച് ഇരകളെ അവഹേളിക്കുന്നത് കൊടുംക്രൂരതയാണ്. കണ്ണും കൈകാലുകളും നഷ്ടപ്പെട്ടവര്‍ക്കും 60 ശതമാനത്തിലേറെ വൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപ അനുവദിച്ച നടപടി കണ്ണില്‍ ചോരയില്ലാത്തതാണ്. ഇരകള്‍ക്കു മുമ്പില്‍ ശിഷ്ടകാല ജീവിതം നിത്യ നരകം തീര്‍ക്കുന്നതാണ് ഈ പ്രഖ്യാപനം. 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യമുള്ളവര്‍ക്ക് കേവലം 50,000 രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ദുരന്തബാധിതരുടെ കണ്ണീരൊപ്പാനും വയനാടിനെ വീണ്ടെടുക്കാനുമായി കോടികളാണ് മനുഷ്യ സ്‌നേഹികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളാലാവുംവിധം സംഭാവന ചെയ്തവരെയും ഇനിയും സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ഒരുപോലെ നിരാശരാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. കളിപ്പാട്ടം വാങ്ങാനും സൈക്കിള്‍ വാങ്ങാനും വച്ച തുക പോലും കുരുന്നുകള്‍ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അവരെ ഏറെ വേദനിപ്പിക്കുന്നതാണ് പുതിയ ധനസഹായ പ്രഖ്യാപനം. ദുരന്ത ബാധിതരുടെ അതിജീവനം സാധ്യമാക്കുന്ന തരത്തിലുള്ള വിപുലമായ പാക്കേജ് പ്രഖ്യാപിക്കാനും സമയബന്ധിതമായി നടപ്പാക്കാനും ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News