വയനാട് ദുരന്തം: പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹരജി ഹൈക്കോടതി പിഴയോടെ തള്ളി

സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍ നല്‍കിയ ഹരജിയിലാണ് നടപടി. പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം.

Update: 2024-08-09 09:49 GMT

കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരില്‍ വിവിധ സംഘടനകള്‍ നടത്തുന്ന ധനശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സിനിമാ നടന്‍ കൂടിയായ കാസര്‍കോട് സ്വദേശി അഡ്വ. സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹരജിയാണ് പിഴയോടെ തള്ളിയത്. പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ ധനശേഖരണം നടത്തുന്നതിനെതിരേയാണ് അഡ്വ. ഷുക്കൂര്‍ കോടതിയെ സമീപിച്ചത്. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കണമെന്നും വിവിധ സംഘടനകള്‍ ധനശേഖരണം നടത്തുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നുമാണ് പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം.

    അല്ലാത്തപക്ഷം, തുക ചെലവഴിക്കുന്നത് കേന്ദ്ര ഫണ്ടിലൂടെ മാത്രമാക്കണം. ദുരിതബാധിതരെയെല്ലാം ഒരുപോലെ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വീടുകള്‍ നിര്‍മിച്ചു നല്‍കുമ്പോള്‍ വിവേചനമുണ്ടാവരുത്. നിര്‍മിക്കപ്പെടുന്ന വീടുകള്‍ ഒരു പോലെയാണെന്ന് ഉറപ്പാക്കണം. മത, ജാതി, രാഷ്ട്രീയ ചിഹ്നങ്ങള്‍ വീടുകളിലുണ്ടാവരുതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    വയനാട് ദുരന്തത്തിനു ശേഷം വിവിധ സംഘടനകള്‍ ദുരിതബാധിതരെ സഹായിക്കാന്‍ വേണ്ടി അക്കൗണ്ടുകളും ആപ്ലിക്കേഷനും തുടങ്ങുകയും സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടുന്നതായും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സര്‍ക്കാര്‍ ഫണ്ട് സ്വരൂപിക്കുന്ന അവസരത്തില്‍ തന്നെയാണ് ഇത്തരത്തില്‍ ഫണ്ട് പിരിക്കുന്നത്. ദേശീയതലത്തിലും ഇത്തരത്തില്‍ ഫണ്ട് പിരിവ് നടക്കാറുണ്ട്. ഇതിലെല്ലാം സുതാര്യത ഉറപ്പാക്കി ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുകയും ദുരുപയോഗം തടയുകയും വേണം. സര്‍ക്കാര്‍ ഏജന്‍സികളെയും സംഘടനകളെയും കൂട്ടിയിണക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നുമാണ് ഹരജയില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News