തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരണപ്പെട്ട നാലു പേരുടെ മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. ദുരന്തമുണ്ടായി 11 ദിവസം പിന്നിട്ട ശേഷമാണ് സൂചിപ്പാറ, ശാന്തമ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് വളന്റിയര്‍മാര്‍ വെള്ളിയാഴ്ച രാവിലെ 9.55 ഓടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടിയുണ്ടാവാതിരുന്നത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്. രാവിലെ മുതല്‍ വൈകീട്ട് അഞ്ചുവരെ കണ്‍ട്രോള്‍ റൂമിലുള്‍പ്പെടെ ബന്ധപ്പെട്ടിട്ടും സന്നദ്ധപ്രവര്‍ത്തകരുടെ വാക്കുകളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കാനോ മൃതദേഹം മേപ്പാടിയിലെത്തിച്ച് തുടര്‍നടപടി സ്വീകരിക്കാനോ തയ്യാറാവായില്ല. വൈകീട്ട് അഞ്ചിന് ഹെലികോപ്ടര്‍ എത്തി സന്നദ്ധപ്രവര്‍ത്തകരെ മാത്രം എയര്‍ലിഫ്ട് ചെയ്യുകയും മൃതദേഹം അവിടെ ഉപേക്ഷിക്കുകയും ആയിരുന്നു. ജീര്‍ണിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ സംവിധാനങ്ങളോ സന്നദ്ധപ്രവര്‍ത്തകര്‍ക്കു വേണ്ട പിപിഇ കിറ്റോ എത്തിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് മൃതദേഹം അവിടെ ഉപേക്ഷിച്ചത്. നാളിതുവരെ ചെയ്ത എല്ലാ നന്മകളെയും ഇല്ലാതാക്കുന്ന ഹീനമായ നടപടിയാണിത്. ഈ സംഭവം മാപ്പര്‍ഹിക്കാത്ത കൊടുംപാതകമാണ്. പ്രധാനമന്ത്രിയുടെ ശനിയാഴ്ചത്തെ സന്ദര്‍ശനത്തിന്റെ പേരില്‍ തിരച്ചില്‍ നിര്‍ത്തിവച്ചത് അങ്ങേയറ്റം ഖേദകരമാണെന്നും പി ജമീല പറഞ്ഞു.