തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിന് കര്‍ശന വിലക്ക്
വാട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സ്വഭാവമുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനും സമൂഹ മാധ്യമങ്ങളിലടക്കം രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സ്വഭാവമുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യാതൊരു ആവശ്യങ്ങള്‍ക്കും ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങള്‍ക്കിടെ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ അംഗങ്ങളുമായോ കൂടിക്കാഴ്ച നടത്താനോ പ്രചാരണത്തിന്റെ ഭാഗമാകാനോ പാടില്ല. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫിസുകളിലോ പരിസരങ്ങളിലോ നടക്കുന്ന ചടങ്ങുകളില്‍ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നത് ഒഴിവാക്കണം. ഓഫിസിനുള്ളിലോ പുറത്തോ ജീവനക്കാര്‍ക്കിടയിലോ ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനും കര്‍ശന വിലക്കുണ്ട്. പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഓഫിസ് മേധാവികള്‍ ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നിര്‍ദേശം നല്‍കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.