തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷണ (21) കൊവിഡ് ബാധിച്ച് അന്തരിച്ചു. കൊല്ലം ടികെഎം കോളജ് ഓഫ് എഞ്ചിനീയറിങ് ബിടെക് കംപ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
യൂനിവേഴ്‌സിറ്റി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനാല്‍ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയതിന് ശേഷം മൂന്ന് ദിവസം മുന്‍പ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്‌ബോള്‍ കളിച്ചതിനെ തുടര്‍ന്ന് പനി പിടിച്ചിരുന്നു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ കൂടി കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ വിളപ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിനാല്‍ ആരോഗ്യനിലയില്‍ വിത്യാസമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരുന്നു. സൂരജിന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ് അനുശോചനം രേഖപ്പെടുത്തി.
വട്ടിയൂര്‍ക്കാവ് വിളപ്പില്‍ പഞ്ചായത്തില്‍ 'നീലാംബരി'യില്‍ ഡ്രൈവറായ സുരേഷ് കുമാര്‍ കെ യുടെയും വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി ആര്യ കൃഷ്ണ.