തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് കുത്തിവച്ചു; യുവതി നിരീക്ഷണത്തില്‍
തിരുവനന്തപുരം: യുവതിക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചുകുത്തിവച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരില്‍നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, യുവതിയോട് വാക്‌സിനെടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി ലഭിച്ചതിനെത്തുടര്‍ന്നാണ് കുത്തിവയ്‌പ്പെടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.