പുരസ്‌കാര തിളക്കത്തില്‍ നാടന്‍ കലാകാരന്‍മാരായ ദമ്പതികള്‍

Update: 2020-07-27 14:58 GMT

മാള: പുരസ്‌കാര തിളക്കത്തില്‍ നാടന്‍ കലാകാരന്‍മാരായ ദമ്പതികള്‍. മേലഡൂര്‍ സ്വദേശികളായ സുരേഷും ഭാര്യ സരിതയുമാണ് ഫോക്‌ലോര്‍ പുരസ്‌കാര ജേതാക്കളായത്. മുത്തച്ചനില്‍ നിന്നു നാടന്‍ പാട്ടിന്റെ ഈരടികള്‍ മനസ്സിലേറ്റിയ സുരേഷ് കേരളത്തിലെ പ്രശസ്ത നാടന്‍പാട്ട് സംഘമായ വടമയിലെ കരിന്തലക്കൂട്ടത്തിലെത്തിയതോടെ സ്ഥിരമായ നാടന്‍പാട്ട് കലാകാരനായി മാറി. മുന്‍കാലങ്ങളില്‍ ആചാരങ്ങളില്‍ മാത്രമൊതുങ്ങിയിരുന്ന നാടന്‍പാട്ടുകളെ കരിന്തലക്കൂട്ടത്തിനൊപ്പം ചേര്‍ന്നതോടെ ജനകീയ വേദികളിലെത്തിക്കാനായി. സുഹൃത്ത് വഴി കരിന്തലക്കൂട്ടത്തിലെത്തിയ സുരഷ് 13 വര്‍ഷം കൊണ്ട് നാലായിരത്തോളം വേദികളിലാണ് നാടന്‍പാട്ട് അവതരിപ്പിച്ചത്. ഇതിനിടയില്‍ കൈതോല ഫോക്ക് മീഡിയ എന്ന പേരില്‍ നാടന്‍പാട്ട് സംഘവും രൂപീകരിച്ചു. നാടന്‍പാട്ട് രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ ഫോക്‌ലോര്‍ പുരസ്‌കാരവും സുരേഷിനെ തേടിയെത്തിയിരിക്കയാണ്.

മുടിയാട്ട കലാകാരിയായ സരിയ്ക്ക് ഫോക്‌ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ആചാരാനുഷ്ഠാനമായ മലവായ് ആട്ടത്തിന് ദേവിയെ പ്രീതിപ്പെടുത്താനായി നടക്കാറുള്ള മുടിയാട്ടമാണ് കൈതോല സരിതയുടെ ആദ്യ കളരി. സത്രീകള്‍ മുടിയഴിച്ചിട്ട് നൃത്തച്ചുവട് വയ്ക്കുന്ന ഈ അനുഷ്ഠാന കല പുലര്‍ച്ചെയാണ് നടന്നിരുന്നത്. മുടിയാട്ടത്തെ ജനകീയ കലകളുടെ കൂട്ടത്തിലേക്ക് എത്തിച്ചതില്‍ സരിതയ്ക്ക് വലിയ പങ്കുണ്ട്. മുടിയാട്ടവേദികളില്‍ ശ്രദ്ധേയയായി മാറിയ സരിത സുരേഷിനെ വിവാഹം കഴിച്ച ശേഷമാണ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നാടന്‍പാട്ടുകളോടൊപ്പം സരിതയുടെ നേതൃത്വത്തിലുള്ള മുടിയാട്ടവും വേദികള്‍ക്ക് പ്രിയങ്കരമായി മാറിയിരിക്കയാണ്. മുടിയാട്ടത്തിന് പുറമേ പുള്ളുവന്‍പാട്ടിലും സരിത കഴിവ് തെളിയിച്ചിട്ടുണ്ട്. വല്ലപ്പുഴ ഗവ. സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിത മല്‍സരവേദികളിലേക്ക് കുട്ടികളെ ഒരുക്കിയും നാടന്‍കലാസപര്യ തുടരുകയാണ്. പുരസ്‌കാര നിറവിലായ ദമ്പതികളെ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ആദരിച്ചു. 

Couple of folk artists in award sparkle

Tags:    

Similar News