പ്രഥമ പത്മശ്രീ ഡോ.എം കൃഷ്ണന്‍നായര്‍ പുരസ്‌കാരം ഡോ. രാജേന്ദ്ര അച്യുത് ബദ്‌വെയ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡന്റും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനുമായിരുന്ന പത്മശ്രീ ഡോ.എം കൃഷ്ണന്‍നായരുടെ സമരണാര്‍ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ പത്മശ്രീ ഡോ. എം കൃഷ്ണന്‍നായര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മുംബൈ, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടറും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും ക്യാന്‍സര്‍ രോഗചികില്‍സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പത്മശ്രീ ഡോ.രാജേന്ദ്ര അച്യുത് ബദ്‌വെയ്ക്കാണ് പ്രഥമ പത്മശ്രീ ഡോ. എം കൃഷ്ണന്‍നായര്‍ പുരസ്‌കാരം.
ക്യാന്‍സര്‍ രോഗചികില്‍സയിലും ക്യാന്‍സര്‍ രോഗപഠനമേഖലയിലും തന്റെതായ സ്ഥാനം ഉറപ്പിച്ച വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ് ഡോ. രാജേന്ദ്ര അച്യുത് ബദ്‌വെ. ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ പരിചരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും രോഗപരിപാലനം, ക്യാന്‍സര്‍ ഗവേഷണങ്ങള്‍ എന്നിവയില്‍ ഡോ. രാജേന്ദ്ര അച്യുത് ബദ്‌വെയുടെ സംഭാവനകള്‍ വളരെ വലുതാണെന്ന് പുരസ്‌കാരം പ്രഖാപിച്ചുകൊണ്ട് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സ്തനാര്‍ബുദ ചികില്‍സാമേഖലയില്‍ രാജ്യത്തിന് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചത് ഡോ.രാജേന്ദ്ര അച്യുത് ബദ്‌വെയുടെ പ്രവത്തനങ്ങള്‍ കൊണ്ട് കൂടിയാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
ഒരു മികച്ച ഡോക്ടര്‍ എന്നതിന് പുറമെ മികച്ച സംഘാടകനും ഭരണകര്‍ത്താവും കൂടിയായിരുന്നു അദ്ദേഹമെന്ന് പുരസ്‌ക്കാരം പ്രഖാപിച്ചുകൊണ്ട് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ പ്രഫ.ടി കെ പദ്മനാഭന്‍ അറിയിച്ചു. പ്രഫ ബാബു മാത്യു, ഡോ.ചന്ദ്രമോഹന്‍, ഡോ.പി ജി ജയപ്രകാശ്, ഡോ. ബോബന്‍ തോമസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 2022 നവംബര്‍ 26ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ. ബോബന്‍ തോമസ് അറിയിച്ചു.