പ്രഫ. കെ എസ് മണിലാലിനും അലി മണിക്ഫാനും പത്മശ്രീ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ചില കാരണങ്ങളാല്‍ ഇരുവര്‍ക്കും ഡല്‍ഹിയിലെത്തി പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ജില്ലാകലക്ടര്‍ പുരസ്‌കാരം നല്‍കിയത്. എഡിഎം മുഹമ്മദ് റഫീഖും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോട്: പത്മശ്രീ ജേതാക്കളായ പ്രഫ.കെ എസ് മണിലാലിനും അലി മണിക്ഫാനും പുരസ്‌കാരങ്ങള്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. ചില കാരണങ്ങളാല്‍ ഇരുവര്‍ക്കും ഡല്‍ഹിയിലെത്തി പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ജില്ലാകലക്ടര്‍ പുരസ്‌കാരം നല്‍കിയത്. എഡിഎം മുഹമ്മദ് റഫീഖും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച പ്രഫ.കെ എസ് മണിലാലിന് എരഞ്ഞിപ്പാലം ജവഹര്‍ നഗറിലെ വസതിയിലെത്തിയാണ് പുരസ്‌കാരം നല്‍കിയത്. 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി അധ്യാപകനായിരുന്ന ഡോ. മണിലാല്‍ വര്‍ഷങ്ങളെടുത്താണ് ഹോര്‍ത്തൂസ് മലബാറിക്കസ് മനസ്സിലാക്കിയെടുത്ത് പരിഭാഷപ്പെടുത്തിയത്. ഇതിനായി അദ്ദേഹം ലാറ്റിന്‍ ഭാഷ പഠിച്ചു. മണിലാല്‍ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു.
കൊച്ചിയില്‍ അഭിഭാഷകനായ കാട്ടുങ്ങല്‍ സുബ്രമണ്യന്‍- ദേവകി ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം സാഗര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി, പിഎച്ച്ഡി എന്നിവ കരസ്ഥമാക്കി. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ബോട്ടണി വിഭാഗത്തില്‍ ചേര്‍ന്നതിന് ശേഷമാണ് ലോകത്തിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായി മാറിയത്. ഭാര്യ: ജോത്സന, ഏക മകള്‍ അനിത, മരുമകന്‍ പ്രീതന്‍, രണ്ട് പേരക്കുട്ടികളും അടങ്ങിയതാണ് കുടുംബം.
നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് അലി മണിക്ഫാന്‍. ആഗോള ഹിജ്‌റ കലണ്ടറിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രശസ്തനായ മണിക്ഫാന്‍ ആഗോള ഏകീകൃത പെരുന്നാളിനും റംസാന്‍ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നിലവിലെ സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ സ്വന്തം ജീവിതം കൊണ്ട് തിരുത്തിയാണ് മണിക്ഫാന്‍ മാതൃക കാട്ടിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജര്‍മന്‍, ലാറ്റിന്‍ ഭാഷകള്‍ക്കൊപ്പം സംസ്‌കൃതം, തമിഴ്, മലയാളം, കന്നഡ തുടങ്ങി 14 ഭാഷകളില്‍ പ്രാവീണ്യമുണ്ട് മണിക്ഫാന്.
ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലാണ് അലി മണിക്ഫാന്‍ ജനിച്ച് വളര്‍ന്നത്. മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹത്തിന്റെ പാഠപുസതകം പ്രകൃതിയും ചുറ്റുപാടുകളുമാണ്. അധ്യാപകനായും ക്ലര്‍ക്കായും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസിലും ജോലി ചെയ്തു. ഒളവണ്ണയിലെ വാടക വീട്ടില്‍ ഭാര്യ സുബൈദക്കൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്.