കൃഷ്ണന്‍കോട്ടയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

ജലനിധി പദ്ധതി വഴി എത്തുന്ന പൈപ്പ് വെള്ളമാണ് ഇവിടത്തുകാര്‍ കുടിക്കാനും പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.

Update: 2020-12-21 12:53 GMT

മാള: വേനല്‍ തുടങ്ങിയതോടെ പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ കൃഷ്ണന്‍കോട്ടയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഉപ്പ് വെള്ളം നിറഞ്ഞ ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട തീരപ്രദേശമാണ് കൃഷ്ണന്‍കോട്ട. അതിനാല്‍ ഇവിടത്തെ ജലസ്രോതസുകളിലെ വെള്ളം കുടിക്കാനോ പാചകം ചെയ്യാനോ ഉപയോഗിക്കാന്‍ കഴിയില്ല. ജലനിധി പദ്ധതി വഴി എത്തുന്ന പൈപ്പ് വെള്ളമാണ് ഇവിടത്തുകാര്‍ കുടിക്കാനും പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.

ചാലക്കുടി പുഴയില്‍ നിന്ന് വൈന്തലയിലെ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം ഇപ്പോള്‍ വിതരണം ചെയ്യുന്നത് ജലനിധിയാണ്. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പുളിപ്പറമ്പിലാണ് ജലനിധിയുടെ വാട്ടര്‍ ടാങ്ക് നിലകൊള്ളുന്നത്. ഇവിടേക്ക് പത്ത് ദിവസം കൂടുമ്പോഴാണ് വൈന്തലയില്‍ നിന്നും വെള്ളം എത്തുന്നത്. എല്ലാവര്‍ക്കും എല്ലാ ദിവസവും വെള്ളം ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലനിധി പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഈ ലക്ഷ്യം നേടാന്‍ ജലനിധി പദ്ധതിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഈ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം കൊണ്ട് ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ നാല് ദിവസത്തിലൊരിക്കലെങ്കിലും കൃഷ്ണന്‍കോട്ട പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News