ജലനിധി പദ്ധതി കുടിവെള്ള ശുദ്ധീകരണം ഭാഗികമെന്ന് പരാതി

Update: 2022-06-02 05:52 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ 22 കോടി ചെലവിട്ട് നിര്‍മിച്ച ജലനിധി പദ്ധതിയിലൂടെ ലഭിക്കുന്നത് ഭാഗികമായി ശുദ്ധീകരിച്ച കുടിവെള്ളമാണെന്ന് പരാതി. മഴക്കാലമായതോടെ പുഴയിലെ കലക്കവെള്ളം തന്നെയാണ് പൈപ്പിലൂടെ ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചതാണ് ശുദ്ധീകരണ പ്ലാന്റ്. മൂന്ന് ഘട്ടമായി ശുദ്ധീകരണം നടത്തുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടമായ ഫില്‍റ്റര്‍ ബഡ് പ്രവര്‍ത്തിക്കാത്തതു കാരണം ശുദ്ധീകരണം ഭാഗികമായാണ് നടക്കുന്നത്. രണ്ട് ഫില്‍ട്ടര്‍ ബഡും പ്രവര്‍ത്തനരഹിതമായതോടെ കലങ്ങിയ വെള്ളം തന്നെയാണ് ശുദ്ധീകരണത്തിന്റ മൂന്നാം ഘട്ടമായ ക്ലോറിനേഷന്‍ സമ്മിലേക്ക് കടത്തി ക്ലോറിന്‍ വാതകം കലര്‍ത്തി പ്രധാന ടാങ്കിലേക്ക് മാറ്റി വിതരണത്തിനെത്തിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ പുഴയില്‍ നിര്‍മിച്ച ടണല്‍ വഴി കിണറിലേക്ക് നേരിട്ടെത്തുന്ന പുഴവെള്ളം പമ്പിങ് വഴി എറേറ്ററിലൂടെ വായുവുമായി സമ്പര്‍ക്കമുണ്ടാക്കിയ ശേഷം കാരി ഫോപുലറിലൂടെ ആലവും ലൈം (ചുണ്ണാമ്പ്) കലര്‍ത്തി ചെളിനീക്കം ചെയ്ത ശേഷമാണ് രണ്ടാം ഘട്ട ശുദ്ധീകരണത്തിനെത്തുന്നത്. എന്നാല്‍, ഇവ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായിട്ടും റിപ്പയറിങ് നടത്താന്‍ ജലനിധിക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ജലനിധിയെ ആശ്രയിച്ച് കുടിവെള്ളം ശേഖരിക്കുന്നവര്‍ക്ക് കലങ്ങിയ വെള്ളമാണ് ലഭിക്കുന്നത്.

ചാലിയാറിലെ പാവണ്ണ കടവില്‍ സ്ഥാപിച്ച പമ്പ് ഹൗസിലും ടാങ്കില്‍ നിന്നുമാണ് പഞ്ചായത്തിലെ 18 വാര്‍ഡുകളിലേക്കായി വെള്ളമെത്തിക്കുന്നത്. 22 കോടി ചെലവഴിച്ച് നിര്‍മിച്ച പദ്ധതിക്ക് അശാസ്ത്രീയമായാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. നിലവാരം കുറഞ്ഞ പൈപ്പുകളായതിനാല്‍ മര്‍ദ്ദത്തിനനുസരിച്ച് പൊട്ടലും പതിവായിരിക്കുകയാണ്. പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്തിന് കീഴില്‍ മറ്റൊരു ഏജന്‍സിക്ക് നടത്തിപ്പ് ചുമതല നല്‍കിയെങ്കിലും ജലവിതരണം കൃത്യമായി നടക്കാത്തത് വ്യാപക പരാതിക്ക് കാരണമായതിനെ തുടര്‍ന്ന് നടത്തിപ്പ് ചുമതല മാറ്റാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

Tags:    

Similar News