മാള(തൃശൂര്‍): കൊവിഡ് ബാധിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം ഇരിങ്ങാലക്കുട ലേഖകനും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് അംഗവുമായിരുന്ന കടലായി സലീം മൗലവി(46)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് സലീമിന്റെ മാതാവ് ബീവി മരിച്ചത്. 15 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പിഡിപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പിഡിപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ചോക്കന, ചാമക്കാല, കടലായി എന്നിവിടങ്ങളില്‍ മദ്‌റസാ അധ്യാപകനായിരുന്നു. സൗദിയില്‍ 11 വര്‍ഷം ജോലി ചെയ്തിരുന്നു. കടലായി ജുമാമസ്ജിദ് പ്രസിഡന്റ്, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച സലീം മൗലവി ക്ഷീര കര്‍ഷകന്‍ കൂടിയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 14ന് കൊവിഡ് സ്ഥിരീകരിച്ച സലീം മൗലവി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. 10 ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിലും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പ്രമേഹ-വൃക്ക രോഗത്തെ തുടര്‍ന്ന് ഡയാലിസിസ് നടത്തി വരുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണം. പരേതരായ കടലായി തരുപീടികയില്‍ കുഞ്ഞുമോന്‍-ബീവി ദമ്പതികളുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് സഫ് വാന്‍, ഷിഫാനത്ത്. സഹോദരങ്ങള്‍: കടലായി അഷ്‌റഫ് മൗലവി, റംല, സുലേഖ.
കടലായി സലിം മൗലവിയുടെ നിര്യാണത്തില്‍ വെള്ളാങ്ങല്ലൂര്‍ പ്രസ് ക്ലബ്ബ് അനുശോചിച്ചു. പ്രസ് ക്ലബ് ഖജാഞ്ചി പി കെ എം അഷ്‌റഫ് അനുശോചന സന്ദേശം നല്‍കി. സെക്രട്ടറി എ വി പ്രകാശ്, വൈസ് പ്രസിഡന്റ് ഇ രമേശന്‍, ജോയിന്റ് സെക്രട്ടറി ജോസ് മാളിയേക്കല്‍ എന്നിവര്‍ അനുശോചിച്ചു. മാള പ്രസ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ പി രാജീവ്, ഖജാന്‍ജി ലിജോ പയ്യപ്പിള്ളി, അജയ് ഇളയത്, നജീബ് മൗലവി, എ ജി മുരളീധരന്‍, ഇ സി ഫ്രാന്‍സിസ്, ലിന്റിഷ് ആന്റോ, സലിം എരവത്തൂര്‍, തോമസ് കവലക്കാട്ട് സംസാരിച്ചു.
local journalist died of covid infection